Thursday, June 21, 2012

കൊച്ചി മുതല്‍ മധുര വരെ

വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തിയപ്പോള്‍ പറ്റാവുന്നത്ര യാത്രകള്‍ നടത്തണം എന്നാഗ്രഹിച്ചിരുന്നു. സ്ഥലങ്ങള്‍ കാണുക എന്നും എനിക്കിഷ്ടമാണ്.

 ഇന്ന് ഞങ്ങളുടെ യാത്ര തമിഴ്നാട്ടിലേക്കാണ്‌. ലക്‌ഷ്യം മധുര. അവിടത്തെ അരവിന്ദ് കണ്ണാശുപത്രിയില്‍ ഉപ്പാക്ക് കണ്ണിനു ഒരു ചികിത്സയാണ് ഉദ്ദേശം. എങ്ങനെയായാലും യാത്ര എപ്പോഴും സന്തോഷം ഉള്ള കാര്യം തന്നെ. പോവുന്നത് കേരളത്തിന്റെ പശ്ചിമ ഘട്ടം താണ്ടിയും. പുലര്‍ച്ചെ അഞ്ചിന് എറണാകുളത്ത് നിന്ന് പുറപ്പെട്ടു. വെളുപ്പിനയതിനാല്‍ വഴിയില്‍ വണ്ടികള്‍ അധികമില്ല.

 കോതമംഗലത്തുനിന്ന് അടിമാലിയിലേക്കുള്ള വഴിയിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. റോഡിനിരുവശത്തും നിരന്നു കിടക്കുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ നിര്‍ത്തിയിരിക്കുന്നു.


അടിമാലി വരെ പരിചയമുള്ള വഴിയാണ്. മൂന്നാറിലേക്ക് പല പ്രാവശ്യം വന്നിട്ടുണ്ട് ഇത് വഴി. ഇപ്പോള്‍ അടിമാലിയില്‍ നിന്ന് മൂന്നാറിലേക്ക് പോവാതെ, വെള്ളത്തൂവല്‍ - രാജാക്കാട് - രാജകുമാരി റൂട്ടിലേക്ക് തിരിഞ്ഞു. ഈ വഴിയിലാണ് കരിയാര്‍കുട്ടി-കാരപാറ പദ്ധതി പ്രദേശം. അതിന്റെ ഭാഗമായ പൊന്മുടി ഡാമിന് മുകളിലൂടെ രാജാക്കാടിലേക്ക്. ഇടുക്കിയുടെ വന്യ ഭംഗിയും കാപ്പി തോട്ടങ്ങളും കുടിയേറ്റ മേഖലകളും നിറഞ്ഞ പ്രദേശം . ജനവാസം അധികം ഇല്ല പലയിടത്തും. രാജാക്കാടില്‍ നിന്ന് കേരളത്തിന്റെ ദേശീയ ആഹാരമായ പൊറോട്ടയും കഴിച്ച് ചായയും കുടിച്ച് യാത്ര തുടര്‍ന്നു.


പൂപ്പാറയിലെ ഹാരിസന്സ് മലയാളം വക ചായ തോട്ടത്തിലൂടെ ബോഡിമേട്ടിലേക്ക്. കേരളത്തിന്റെ അതിര്‍ത്തിയാണിത്‌. പഴയ തിരുവിതാംകൂര്‍ ഭരണ കാലത്തെ Customs House ആണ് ഇന്ന് കേരള ചെക്ക്പോസ്റ്റ് ഓഫിസ്. പിന്നീടങ്ങോട്ട് 17 ഹെയെര്‍ പിന്‍ വളവുകളാണ് - താഴോട്ട്. ഇടയ്ക്കു വല്ലപ്പോഴും വരുന്ന തമിഴ്നാടിന്‍റെ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ അല്ലാതെ വേറെ വണ്ടികള്‍ വളരെ കുറവ്.



 താഴെ ബോഡി നഗരത്തിന്റെ പ്രാന്ത പ്രദേശത്തെത്തിയപ്പോഴേക്കും ഏതോ ഒരു പാലക്കാടന്‍ ഗ്രാമത്തില്‍ പത്തു പതിനഞ്ചു വര്ഷം മുന്‍പ് എത്തിയ പ്രതീതി. നിറയെ തെങ്ങും മാവുകളും. ഇന്ന് മലയാള സിനിമാക്കാര്‍ക്ക് കേരളത്തിന്റെ ഗ്രാമം കാണിക്കേണ്ടിവരുമ്പോള്‍ തെങ്കാശി അല്ലെ ശരണം! അങ്ങനെ തോന്നതിരുന്നെങ്കിലേ അത്ഭുതമുള്ളൂ!!

 ഉച്ചയോടെ തേനിയിലെത്തി. മാമ്പഴക്കാലം ആണ്. കേരളത്തിലേക്ക് വിടുന്ന ലോഡില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം ഉണ്ടെന്നു കേട്ടിട്ടുണ്ട്. അവിടുന്ന് ഊണ് കഴിച്ചു വേഗം മധുരയിലേക്ക് . തേനി-മധുര യാത്ര എളുപ്പമായിരുന്നു. കുറെ രസകരമായ സ്ഥലപേരുകള്‍ - ജയലളിതയുടെ പഴയ നിയമസഭാ മണ്ഡലമായ ആണ്ടിപെട്ടി, പഴയ പ്രഭു ദേവ സിനിമയെ ഓര്‍മിപ്പിക്കുന്ന ഉസിലാംപെട്ടി, T രാജഗോപാലന്‍പെട്ടി, ചെല്ലംപെട്ടി. 100 കിലോമീറ്റര്‍ സ്പീഡില്‍ പറപ്പിക്കാം. വൈകുന്നേരത്തോടെ മധുരയില്‍ എത്തി.



പിറ്റേന്ന് ഉച്ചയപ്പോള്‍ തന്നെ ആശുപത്രിയിലെ കാര്യങ്ങള്‍ തീര്‍ത്തു. പിന്നെ മധുരയില്‍ ഒരു ചെറിയ കറക്കം. മധുര വരെ വന്നിട്ട് മീനാക്ഷി ക്ഷേത്രം കാണാതെ എങ്ങനെ പോവും. മീനാക്ഷി ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള മ്യുസിയവും പോയി കണ്ടു.








പിന്നെ നഗരത്തില്‍ ചെറിയ ഒരു യാത്ര. വൈകുന്നേരമായാല്‍ റോഡില്‍ ഒക്കെ ആള് നിറയും. നിറയെ സൈക്കിള്‍ ബൈക്ക്. കാറും ബസും കുറച്ചേയുള്ളൂ . പകല്‍ സമയം പാടത്തും പറമ്പിലും ജോലി ചെയ്തു വൈകീട്ടാവും ആളുകള്‍ ഒക്കെ ഔട്ടിംഗിന് ഇറങ്ങുന്നത് . പിന്നെ രാവിലെ ചൂടും കൂടുതലല്ലേ. മിക്ക സൈക്കിളുകളിലും ഭാര്യയും ഭര്‍ത്താവും കുട്ടികളും ഉണ്ട്. റോഡില്‍ കാര്‍ ഓടിക്കുന്നത് ദുര്‍ഘടം നിറഞ്ഞ പണിയാണ്. രാത്രിയായാലും നഗരത്തില്‍ സ്ത്രീകള്‍ സ്വതന്ത്രമായി നടക്കുന്ന കാഴ്ച അത്ഭുതമായിരുന്നു. കേരളത്തില്‍ ആലോചിക്കാന്‍ കൂടി കഴിയാത്ത കാര്യം. അതുപോലെ ഫാഷന്‍ അങ്ങനെ കാര്യമായി
വന്നിട്ടില്ല. ചുരിദാര്‍ ഒക്കെ കണ്ടു പിടിച്ച കാര്യം അറിഞ്ഞു വരുന്നതെയുള്ളു എന്ന് തോന്നുന്നു.

തിരുമല നായ്ക്കര്‍ കൊട്ടാരം കാണാന്‍ പോവണം
എന്ന് വിചാരിച്ചെങ്കിലും സമയ കുറവ് മൂലം നടന്നില്ല. രാത്രിയായതോടെ മധുര നഗരത്തോട് വിട പറഞ്ഞു തിരിച്ചു നാട്ടിലേക്ക്...

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക കൊച്ചി-മധുര ആല്‍ബം

ആവിഷ്കാര സ്വാത്രന്ത്ര്യം

വൈക്കം മുഹമ്മദ് ബഷീർ 'ഒരു ഭഗവത് ഗീതയും പിന്നെ കുറെ മുലകളും' എന്ന നോവൽ ഇന്നാണ് എഴുതിയിരുന്നതെങ്കിൽ ആളെ എല്ലാരും കൂടി തച്ചു കൊന്നേനെ....